
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 180 യാത്രക്കാരുമായി ഇന്ന് രാവിലെ 6.30 ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 45 മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവം അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും. ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷിയിടിച്ചത്. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയായി. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരെന്നും ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തിൽ ഇവരെ അബുദാബിയിലേക്ക് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
