പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭർത്താവ് അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. തന്നോടും ആദ്യ ഭർത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് പൊലീസിന് ലഭിച്ച, മീരയുടേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. അതേ സമയം, മീര ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഹേമാംബിക നഗർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുന്നത്.
ഇന്നലെ രാവിലെയാണ് 29കാരി മീരയെ ഭർത്താവ് അനൂപിന്റെ പുതുപ്പരിയാരം പൂച്ചിറയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് ഇക്കാര്യം വീട്ടുകാരെ ഫോൺ വിളിച്ച് അറിയിച്ചത്. മീര ആത്മഹത്യ ചെയ്തെന്നാണ് ഭർത്താവിന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അമ്മയടക്കം ബന്ധുക്കൾ പറയുന്നു.
ഭർത്താവുമായി പിണങ്ങിയ മീര കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാത്രി ഭർത്താവ് അനൂപ് എത്തി തിരികെ കൂട്ടിക്കൊണ്ടുപോയി. പിന്നെ അറിയുന്നത് മീരയുടെ അസ്വാഭാവിക മരണ വിവരമാണ് ഭർത്താവിന്റെ അതിക്രമം ചൂണ്ടിക്കാട്ടിയുള്ള, മീരയുടേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലെത്തിയ പൊലീസ് ബന്ധുക്കളുടെ പരാതിയിൽ സ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഭർത്താവിനെയും ഭർതൃ വീട്ടുകാരെയും വിശദമായി ചോദ്യംചെയ്ത ശേഷം മറ്റുനടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.