
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. മലപ്പുറം സ്വദേശിയായ പെൺകുട്ടിയാണ് ഇന്ന് രോഗം സ്ഥരീകരിച്ച മറ്റൊരാൾ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലത്തിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് എന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്. അതേ സമയം, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
അതേ സമയം, മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാൾ നിലവിൽ വെന്റിലേറ്ററിലാണ്. ചികിത്സയിൽ ഉള്ളവരിൽ രണ്ടുപേർ കുട്ടികളാണ്. മലപ്പുറം സ്വദേശികളായ 11 വയസ്സുള്ള പെൺകുട്ടിയും 10 വയസ്സുള്ള ആൺകുട്ടിയും ആണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഒരാൾ ഒഴിച്ച് ബാക്കിയുള്ളവരുടെ എല്ലാം ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. ഈ വർഷം ഇതുവരെ അമീബിക് മസ്തിഷ്ക ചുരം ബാധിച്ച് 7 കുട്ടികളെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതിൽ താമരശ്ശേരിയിൽ നിന്നുള്ള 9 വയസ്സുകാരിയും ഓമശ്ശേരിയിൽ നിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞു നേരത്തെ മരിച്ചു. കഴിഞ്ഞദിവസം ഡിസ്ചാർജ് ആയ രണ്ടു കുട്ടികളുൾപ്പെടെ മൂന്ന് കുട്ടികൾ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. രണ്ട് രണ്ടു കുട്ടികളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.
