
മനാമ: സെപ്റ്റംബര്‍ 23ന് നടക്കുന്ന സൗദി അറേബ്യയുടെ 95ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ‘മനവ്വറ ബുഷൂഫത്കോം’ എന്ന പേരില്‍ ടൂറിസം ആഘോഷ പരിപാടി സംഘടിപ്പിക്കും.
ചരിത്രപരമായ ബഹ്റൈന്‍-സൗദി ബന്ധം പങ്കിട്ട ചരിത്രത്തിലും ഉറച്ച ബന്ധങ്ങളിലും വേരൂന്നിയതാണെന്നും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വിശാലമാക്കാനും സംയോജനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളുണ്ടെന്നും അത് പ്രതിഫലിപ്പിക്കുന്നതാണ് ഈ പരിപാടിയെന്നും ബി.ടി.ഇ.എയുടെ സി.ഇ.ഒ. സാറ അഹമ്മദ് ബുഹെജ്ജി പറഞ്ഞു.
സെപ്റ്റംബര്‍ മാസത്തില്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കുമായി സാംസ്കാരിക, വിനോദ, കലാ പ്രകടനങ്ങളുടെ വൈവിധ്യമാര്‍ന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 19ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ ടാമര്‍ ഹോസ്നി, സെപ്റ്റംബര്‍ 18ന് ഷെറാട്ടണ്‍ ഹോട്ടലില്‍ ജോണ്‍ അഷ്കറിന്റെ കോമഡി, സെപ്റ്റംബര്‍ 25ന് എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ (ഇ.ഡബ്ല്യു.ബി) ബില്‍ ബറിന്റെ അന്താരാഷ്ട്ര ഷോ, 25, 26 തീയതികളില്‍ കള്‍ചറല്‍ ഹാളില്‍ സാദ് അല്‍ ഔദിന്റെ രണ്ട് പ്രകടനങ്ങള്‍ തുടങ്ങിയ പരിപാടികളുണ്ടാകും.
സിറ്റി സെന്റര്‍ ബഹ്റൈന്‍, ദി അവന്യൂസ്, മറാസി ഗാലേറിയ എന്നിവയുള്‍പ്പെടെയുള്ള ഷോപ്പിംഗ് മാളുകളില്‍ സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ പരമ്പരാഗത ഷോകളും നാടോടി കലാപ്രകടനങ്ങളും നടത്തും. ഡ്രാഗണ്‍ സിറ്റിയിലെ സാംസ്കാരിക, പൈതൃക പ്രവര്‍ത്തനങ്ങള്‍, അല്‍ ജസ്ര ഹാന്‍ഡിക്രാഫ്റ്റ്സ് സെന്ററിലെയും ബാനി ജംറ ടെക്സ്റ്റൈല്‍ ഫാക്ടറിയിലെയും കരകൗശല ശില്പശാലകള്, ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തിലെയും പേളിംഗ് പാതയിലെയും വ്യത്യസ്ത പരിപാടികള്‍ എന്നിവയുമുണ്ടാകും.
സന്ദര്‍ശനാനുഭവം സമ്പന്നമാക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമായി ഹോട്ടലുകളുമായും റിസോര്‍ട്ടുകളുമായും സഹകരിച്ച് 40 പ്രത്യേക ടൂറിസം പാക്കേജുകളും ബി.ടി.ഇ.എ. ആരംഭിച്ചിട്ടുണ്ട്. താമസ സൗകര്യങ്ങള്‍, പ്രത്യേക ഡൈനിംഗ് ഓഫറുകള്‍, ബോട്ട് ടൂറുകള്‍, ഡൈവിംഗ്, പേള്‍ ഡൈവിംഗ് യാത്രകള്‍, പ്രധാന പൈതൃക- ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പരിപാടിയെക്കുറിച്ചും ബഹ്റൈനിലെ വര്‍ഷം മുഴുവനുമുള്ള മറ്റു പരിപാടികളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ www.bahrain.com എന്ന വെബ്സൈറ്റിലോ BETA മൊബൈല്‍ ആപ്ലിക്കേഷന്‍വഴിയോ ലഭ്യമാണ്.
