
കോഴിക്കോട്: സരോവരത്ത് സുഹൃത്തുക്കള്‍ കുഴിച്ചു മൂടിയ വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചതുപ്പ് നിലത്ത് കനത്ത മഴയിൽ വെള്ളം നിറഞ്ഞതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. ചെളി നിറഞ്ഞതിനാൽ മണ്ണു മാന്തിയന്ത്രങ്ങൾ ചതുപ്പിൽ ഇറക്കാൻ കഴിഞ്ഞില്ല. മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ കെഡാവര്‍ നായകളെയും ഇന്ന് തെരച്ചിലിനായി എത്തിച്ചിരുന്നു. സംഭവം നടന്ന് ആറര വർഷം പിന്നിട്ടതിനാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമാവുക. ഡിഎൻഎ പരിശോധനയിലൂടെയെ മൃതദേഹം തിരിച്ചറിയാനുമാകൂ. വിജിലിന്റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു.
2019 മാര്‍ച്ചിലാണ് വിജിലിനെ കാണാതാകുന്നത്. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പ് നിലത്ത് കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. സംഭവത്തില്‍ രണ്ടു പേരാണ് അറസ്റ്റിലായത്. മിസ്സിംഗ് കേസുകളിലെ പുനരന്വേഷണത്തിലായിരുന്നു കണ്ടെത്തൽ. എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള പൂവാട്ട് പറമ്പ് സ്വദേശി രഞ്ജിത്തിനായി അന്വേഷണം തുടരുകയാണ്. കസ്റ്റഡി കാലാവധി തീരുന്നതിനാൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണവും തെളിവെടുപ്പും തുടരാനാണ് പൊലീസ് നീക്കം
