
കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്. കരാറിൽ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നൽകിയിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കോൺഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയത്. ആരോപണങ്ങളിൽ വസ്തുതാപരമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. കരാർ ഏറ്റെടുത്ത കമ്പനികൾ ഉപകരാർ നൽകിയതും ഈ കമ്പനികളുടെ സാങ്കേതിക മികവിലടക്കം ചോദ്യങ്ങൾ ഉയർത്തിയുമായിരുന്നു ഹർജി.
ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോടതി മേൽനോട്ടത്തിൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വി ഡി സതീശൻ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എഐ ക്യാമറ ഉള്‍പ്പടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. പൊതുനന്മയെ കരുതിയാണ് ഹര്‍ജി നൽകിയത്. എല്ലാ മാനദണ്ഡങ്ങളേയും മറികടന്നാണ് കരാർ. കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കെൽട്രോണും എസ്ആർഐടിയും തമ്മിൽ ഉണ്ടാക്കിയ കരാറും മോട്ടർ വാഹന വകുപ്പ് കെൽട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാൽ റദ്ദാക്കണം എന്നിവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങൾ. എന്നാൽ സർക്കാർ നിലപാട് അംഗീകാരിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.
