
കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിമർശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അതിനിടെ തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് കാണിച്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി.
വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലൻസ് കണ്ടെത്തിയതെന്നായിരുന്നു എംആർ അജിത് കുമാറിന്റെ വാദം. അതിനാൽ, വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഉന്നത ഉദ്യോഗസ്ഥനാണോ കേസ് അന്വേഷിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. കിഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് സംശയമുന്നയിച്ച കോടതി സർക്കാർ നടപടികളെല്ലാം അറിയിക്കാൻ ഡിജിപിക്ക് നിർദേശം നൽകി. അന്വേഷണത്തിൻ്റെ നടപടി ക്രമങ്ങളിലേക്ക് കടന്ന കോടതി വിജിലൻസ് ഡയറക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
നിയമ പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കിൽ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. നാളെ എല്ലാ വിശദീകരണങ്ങളും കോടതിക്ക് മുന്നിലെത്തും. അതേസമയം, തൃശൂർ പുരം അലങ്കോലപ്പെട്ടതിൽ എംആർ അജിത് കുമാറിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഗുരുതര കൃത്യവിലോപത്തിൽ നടപടിവേണെന്നമെന്നായിരുന്നു മുൻ പൊലിസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ കണ്ടെത്തൽ. ആ റിപ്പോർട്ട് പുതിയ ഡിജിപിയുടെ അഭിപ്രായത്തിനായി സർക്കാർ മടക്കിയിരുന്നു.
