
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നതായി കെ സുധാകരൻ. ഇത് പാർട്ടിയെടുത്ത തീരുമാനമാണ്. രാജിവെക്കുമ്പോൾ മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവർക്കുള്ള അവകാശമാണെന്നും കെ സുധാകരൻ പറഞ്ഞു.
രാഹുൽ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും ഇപ്പോൾ പാർട്ടിയെടുത്ത തീരുമാനം സ്വാഗതാർഹമാണെന്നുമാണ് കെ സുധാകരൻ വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
അതേസമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിവില്ലെന്ന് കെ സുധാകരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവെക്കണമെന്നാണ് ഉമാ തോമസ് എംഎൽഎ ഇന്നലെ ആവശ്യപ്പെട്ടിരുന്നത്. ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലത് എന്നാണ് അവർ പറഞ്ഞത്.
