
പത്തനംതിട്ട: അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്ത്തകന് നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു.
രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്ത്തകന് അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഹുല്‍ രാജി പ്രഖ്യാപനം നടത്തിയല്ല. രാഹുൽ രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. രാഹുലിന്റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുൽ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രീയമായി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുണ്ടായിരുന്നത്. രാഹുൽ രാജിവെച്ചില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസിൽ അഭിപ്രായമുയര്‍ന്നു. ഇതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാർട്ടിയിൽ സമ്മർദം ശക്തമായതും പ്രതിപക്ഷ നേതാവിന്റെ നിലപാട് ഏറ്റുപിടിച്ച് കൂടുതൽ നേതാക്കൾ ഇന്ന് രംഗത്തെത്തിയതും.
