
ദില്ലി: സ്ത്രീകൾക്ക് മോശം സന്ദേശം അയച്ചുവെന്നും പെൺസുഹൃത്തിനെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്കായി പാർട്ടിക്കുള്ളിൽ മുറവിളി ഉയരുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം പരസ്യമായും അല്ലാതെയും രാജി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നിയമോപദേശം തേടിയിരിക്കുകയാണ് കോൺഗ്രസ്. ജനപ്രാതിനിഘ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം രാഹുൽ ഇപ്പോൾ രാജിവെക്കുകയാണെങ്കിൽ ഇനിയൊരു ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണ്.
ഒരു ജനപ്രതിനിധി രാജി വച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്ത് നിലവിലുള്ള വ്യവസ്ഥ. എന്നാൽ നിയമസഭക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്ന മറ്റൊരു നിബന്ധനയും ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
