
ദില്ലി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ശ്രേയസ് അയ്യരെയും യശസ്വി ജയ്സ്വാളിനെയും ടീമിലുള്‍പ്പെടുത്താതിനെക്കുറിച്ചായിരുന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഏഷ്യാ കപ്പ് ടീമിലുള്‍പ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസറായ ഹര്‍ഷിത് റാണ എങ്ങനൊയാണ് ടീമിലെത്തിയതെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോള്‍. ഐപിഎല്ലില്‍ ശരാശരി പ്രകടനം മാത്രം നടത്തിയ ഹര്‍ഷിത് എങ്ങനെയാണ് ഏഷ്യാ കപ്പ് ടീമിലെത്തിയത് എന്ന് മനസിലാവുന്നില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ 29.86 ശരാശരിയിലും 10.18 ഇക്കോണമിയിലും 15 വിക്കറ്റ് മാത്രമാണ് ഹര്‍ഷിതിന് വീഴ്ത്താനായത്. കഴിഞ്ഞ ഐപിഎല്ലില്‍ 25 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ പ്രസിദ്ധ് കൃഷ്ണയെ സെലക്ടര്‍മാര്‍ ഏഷ്യാ കപ്പിന് പരിഗണിച്ചതുമില്ല. ഹര്‍ഷിതിനെ ടീമിലെടുത്തത് കൗതുകകരമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യക്കായി ഒരു മത്സരത്തില്‍ ശിവം ദുബെയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി വന്ന് മൂന്ന് വിക്കറ്റെടുത്ത് കളിയിലെ താരമായി എന്നത് മാത്രമാണ് ഹര്‍ഷിത് റാണയുടെ ടി20 കരിയറില്‍ എടുത്തുപറയാനുള്ളത്. അതിന് മുമ്പും ശേഷവും അത്തരം പ്രകടനങ്ങളൊന്നും ഹര്‍ഷിതില്‍ നിന്ന് ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഐപിഎല്ലിലാകട്ടെ അവന്റേത് ശരാശരി പ്രകടനം മാത്രമായിരുന്നു. അവന്റെ പ്രകടനം അസാമാന്യമായിരുന്നില്ലെന്ന് മാത്രമല്ല ശരാശരിക്കും താഴെയായിരുന്നു. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലെത്താന്‍ അര്‍ഹതയുള്ള പ്രകടനമൊന്നും അവന് നടത്തിയിട്ടില്ല. അവന് പകരം മുഹമ്മദ്സ സിറാജിനെയോ പ്രസിദ്ധ് കൃഷ്ണയയോ ആയിരുന്നു സെലക്ടര്‍മാര്‍ പരിഗണിക്കേണ്ടിയിരുന്നത്. എല്ലാ മത്സരങ്ങളിലും അവന് അവസരം കിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബുമ്രക്ക് വിശ്രമം അനുവദിക്കുന്ന ഒന്നോ രണ്ടോ മത്സരത്തില്‍ മാത്രമെ അവനെ കളിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നും ആകാശ് ചോപ്ര പറഞ്ഞു.
