
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം രാജി ആവശ്യപ്പെട്ടു.
അതേസമയം, യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല, എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും റിനി പ്രതികരിച്ചു.
