
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എം.എ യൂസഫലി കൈമാറിയത്. ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുന്നതിനായാണ് സഹായം.
വയനാട് ദുരന്ത ബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ് നിർമാണത്തിന് ഉൾപ്പടെ വേഗത പകരുന്നതാണ് ധനസഹായം. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്.
നേരത്തെ ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദമാക്കിയിരുന്നു. കൊച്ചിയിൽ വെച്ച് നടന്ന ലുലു ഗ്രൂപ്പിന്റെ ഐടി ട്വിൻ ടവർ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം ലുലു ചെയര്മാൻ അറിയിച്ചത്. മൂന്നര ഏക്കറിൽ ഒമ്പതര ലക്ഷം സ്ക്വയർഫീറ്റ് വരുന്ന ഒരു ഐടി ടവറിന്റെ രൂപത്തിലായിരിക്കും ഈ നിക്ഷേപം നടത്തുകയെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
