
തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവർത്തനം ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സീനിയർ ജേണലിസ്റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
വിപണി താൽപ്പര്യങ്ങൾക്ക് കീഴടങ്ങുന്നതു മൂലം രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

അതേസമയം മാധ്യമ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീനിയർ ജേണലിസ്റ്റ് ഫോറം കേരള പ്രസിഡന്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സ്വാഗത സംഘം അദ്ധ്യക്ഷൻ ജോൺ മുണ്ടക്കയം, ജനറൽ കൺവീനർ കരിയം രവി എന്നിവർ പ്രസംഗിച്ചു.
നേരത്തെ മുതിർന്ന അംഗവും മുൻ രാജ്യസഭാംഗവുമായ എം.പി. അച്യുതൻ സമ്മേളനസ്ഥലത്ത് പതാക ഉയർത്തി.
വൈകീട്ട് നടന്ന ദേശീയ മാധ്യമ സെമിനാർ പ്രമുഖ മാധ്യമ ഗവേഷകയും കോളമിസ്റ്റുമായ സെവന്തി നൈനാൻ ഉദ്ഘാടനം ചെയ്തു. ഡോ. അച്യുത് ശങ്കർ, സുഹാസിനി പ്രഭു ഗാവോങ്കർ (ഗോവ), പി.വി. ഹരികൃഷ്ണൻ, എം. സരിതാ വർമ്മ എന്നിവർ പ്രസംഗിച്ചു.
എസ്.ജെ.എഫ്. ഡൽഹി ഘടകം പ്രസിഡന്റ് സന്ദീപ് ദീക്ഷിത് മോഡറേറ്ററായിരുന്നു.
