
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025” ന് തുടക്കമായി, കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ ദിയാർ മെഡിക്കൽ സെൻററിലെ പ്രമുഖ ഹോമിയോപ്പതി പീഡിയാട്രീഷനും 2017ലെ മിസ്സിസ് കേരള ഫൈനലിസ്റ്റുമായ ഡോക്ടർ അനിന മറിയം വർഗീസും, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും, മോഡലും, 2022ലെ മിസ്സിസ് കേരള വിജയിയുമായ ശ്രീമതി സോണിയ വിനുവും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന ഓണപ്പുടവ മത്സരത്തിൽ ആറ് വിഭാഗങ്ങളായി 35 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു, വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. വഞ്ചിപ്പാട്ട്, ഓണപ്പാട്ടുകാർ തുടങ്ങിയവ ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകി.


കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ ആശംസയും നേർന്നു സംസാരിച്ചു.

“GSS പൊന്നോണം 2025” ജനറൽ കൺവീനർ വിനോദ് വിജയൻ, കോഡിനേറ്റർ മാരായ ശിവകുമാർ, ശ്രീമതി. ബിസ്മി രാജ്, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഓഗസ്റ്റ് 22 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.00 മണി മുതൽ പായസം മത്സരവും, പായസമേളയും തുടർന്ന് 29 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് അത്തപ്പൂക്കള മത്സരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
