
മനാമ: ഓഗസ്റ്റ് 28 മുതൽ ബഹ്റൈൻ പോസ്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ MyGov ആപ്ലിക്കേഷൻ വഴി മാത്രമേ ലഭ്യമാകൂ എന്ന് ഗതാഗത- ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
കൂടുതൽ സുഗമവും സംയോജിതവുമായ സേവനത്തിനായുള്ള ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കനുസൃതമായി സർക്കാർ ഇ-സേവനങ്ങളിലേക്കുള്ള ആക്സസ് ഏകീകരിക്കാനും ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഈ നടപടി സഹായിക്കും.
ഇൻഫർമേഷൻ ആൻ്റ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) സഹകരിച്ച് ബഹ്റൈൻ പോസ്റ്റ് ആപ്ലിക്കേഷൻ MyGovലേക്ക് സംയോജിപ്പിക്കുന്നത് കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്താനും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ പൗരർക്കും താമസക്കാർക്കും സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
MyGovലെ തപാൽ സേവനങ്ങളിൽ പി.ഒ. ബോക്സ് സബ്സ്ക്രിപ്ഷനുകൾ പുതുക്കൽ, പ്രാദേശികമായും അന്തർദേശീയമായും കത്തുകളുടെയും പാഴ്സലുകളുടെയും ട്രാക്കിംഗ്, ഷിപ്പിംഗ് ചെലവുകൾ കണക്കാക്കൽ, പി.ഒ. ബോക്സുകളും പോസ്റ്റ് ഓഫീസുകളും കണ്ടെത്തൽ, തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കൽ എന്നിവ ഇതിലുൾപ്പെടും.
സംയോജിത തപാൽ സേവനങ്ങളിൽനിന്ന് പ്രയോജനം നേടാൻ സർക്കാർ ആപ്പ് പോർട്ടലായ bahrain.bh/apps വഴി ലഭ്യമായ MyGov ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ മന്ത്രാലയം എല്ലാ ഉപയോക്താക്കളോടും അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കാനാഗ്രഹിക്കുന്നവർക്ക് 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ ദേശീയ നിർദ്ദേശങ്ങളുടെയും പരാതികളുടെയും സംവിധാനമായ ‘തവാസുൽ’ വഴിയോ ‘തവാസുൽ’ ആപ്പ് വഴിയോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം.
