
മനാമ: ബഹ്റൈനിലെ ഒരു പ്രാദേശിക ബാങ്കിൽനിന്ന് 1,36,000 ദിനാറിലധികം തട്ടിയെടുത്ത കേസിൽ 30കാരനും ബഹ്റൈനിയുമായ ജീവനക്കാരനെതിരായ വിചാരണ ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.
2023നും 2025നുമിടയിലാണ് തട്ടിപ്പ് നടന്നത്. പ്രായമേറിയ മൂന്ന് ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് അവരുടെ ഇലക്ട്രോണിക് ഒപ്പുകളും ലോഗിൻ ക്രെഡൻഷ്യലുകളും ഉപയോഗിച്ച് നിയമവിരുദ്ധമായി പ്രവേശിക്കുക, അവരുടെ വ്യക്തിഗത ഡാറ്റകളിൽ മാറ്റം വരുത്തുക, പണം തട്ടിയെടുക്കുക, നാലുപേരുടെ ഫോട്ടോ എടുത്ത് അവരുടെ തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമ്മിക്കുക, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ പേരിൽ അക്കൗണ്ട് തുറക്കുന്നതിന് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വ്യാജ അപേക്ഷകൾ സമർപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. ബാങ്കിലെ അസിസ്റ്റൻ്റ് പബ്ലിക് റിലേഷൻസ് മാനേജരാണ് പ്രതി.
പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ അക്കൗണ്ട് തുറക്കൽ നടപടിക്രമങ്ങൾക്കിടയിൽ ശബ്ദം മാറ്റുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇടപാടുകാരുടെ ശബ്ദം അനുകരിച്ചതായും കണ്ടെത്തിയിരുന്നു.
