
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയെയും പാകിസ്ഥാനെയും ഉപമിച്ച പാക് സൈനിക മേധാവി അസിം മുനീറിന്റെ പ്രസ്താവന വൈറല്‍. ഫ്ലോറിഡയിൽ സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യയെ തിളങ്ങുന്ന മെഴ്സിഡസിനോടും പാകിസ്ഥാനെ ചരല് നിറച്ച ട്രക്കിനോടുമാണ് അസിം മുനീര്‍ ഉപമിച്ചത്. സാഹചര്യം വിശദീകരിക്കാൻ ഞാൻ ഒരുക്രൂരമായ ഉപമ ഉപയോഗിക്കാൻ പോകുന്നുവെന്നും ഫെറാരി പോലുള്ള ഒരു ഹൈവേയിൽ ഇന്ത്യ തിളങ്ങുന്ന മെഴ്സിഡസാണെന്നും പാകിസ്ഥാന് ചരൽ നിറഞ്ഞ ഒരു ഡംപ് ട്രക്കാണന്നും ട്രക്ക് കാറിൽ ഇടിച്ചാൽ, ആരാണ് പരാജയപ്പെടുകയെന്നും അസിം മുനീര്‍ ചോദിച്ചു.
പാകിസ്ഥാനെയും ഇന്ത്യയെയും വിശേഷിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച ഉപമ സോഷ്യൽ മീഡിയയിൽ ട്രോളുകള്‍ക്ക് കാരണമായി. ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് സമ്മതിക്കുകയാണ് അസിം മുനീര്‍ ചെയ്തതെന്ന് പാകിസ്ഥാനിലെ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ പരിഹസിച്ചു. മുനീറിന്റെ പ്രസ്താവനയിലെ ഒരേയൊരു സത്യം ഇന്ത്യ മെഴ്സിഡസും അദ്ദേഹത്തിന്റെ രാജ്യം ഡംപ് ട്രക്കുമാണെന്നതുമാണ്. ബാക്കിയുള്ളത് ഒരു മിഥ്യയാണെന്ന് ഒരു ഉപയോക്താവ് എക്സിൽ എഴുതി.
ഓണററി കോൺസൽ അദ്നാൻ അസദ് ആതിഥേയത്വം വഹിച്ച പ്രത്യേക അത്താഴവിരുന്നിൽ, ഭാവിയിൽ ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്ഥാൻ എപ്പോഴെങ്കിലും നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ലോകത്തിന്റെ പകുതിയോളം നശിപ്പിക്കാൻ സാധ്യതയുള്ള ആണവയുദ്ധത്തെക്കുറിച്ച് മുനീർ കർശനമായ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പാകിസ്ഥാനെ കരകയറ്റുന്നതിന് രാജ്യത്തിന്റെ എണ്ണയും ധാതു സമ്പത്തും പ്രധാനമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
