
ദില്ലി: കേന്ദ്ര മന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുമായി സുരേഷ് ഗോപി എംപി. പാര്‍ലമെന്റിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി.
പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തിയ ചര്‍ച്ചയെന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. രാജ്യസഭയിൽ ഇന്ന് ചര്‍ച്ച ചെയ്യുന്ന പ്രധാനമന്ത്രി ഉജ്ജ്വല യേജന പദ്ധതിയുമായി ബന്ധപ്പെട്ടാണ് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതെന്നാണ് സുരേഷ് ഗോപി കുറിപ്പിൽ പറയുന്നത്.
തൃശൂര്‍ എംപിയെ കാണാനില്ലെന്ന ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി നൽകിയില്ലെങ്കിലും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് അതിനുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഞങ്ങൾ ദില്ലിക്ക് അയച്ച നടനെ കാണാനില്ലെന്നുള്ള ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിൻറെ പോസ്റ്റ് ചർച്ചയായിരുന്നു.തൃശൂർ എംപിയെ കാണാനില്ലെന്ന് പറഞ്ഞ് കെഎസ് യു പൊലീസിൽ പരാതി നൽകിയിരുന്നു.. സുരേഷ് ഗോപി എവിടെ എന്ന് ആവർത്തിച്ച് ചോദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പരിഹസിച്ചിരുന്നു. സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും എന്തെങ്കിലും ഒളിക്കാനുള്ളതുകൊണ്ടാണ് കാണാതാത്തതെന്നുമായിരുന്നു വി ശിവൻകുട്ടിയുടെ വിമര്‍ശനം.
