
മനാമ: ഗാസ മുനമ്പില്‍ പൂര്‍ണ്ണ സൈനിക നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കത്തെ അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ അപലപിച്ചു.
ഗാസ മുനമ്പിലെ സംഭവവികാസങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന 23 അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ സംയുക്ത അസാധാരണ ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. ഗാസ മുനമ്പില്‍ പൂര്‍ണ്ണ സൈനിക നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.
ബഹ്റൈന്‍, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, നൈജീരിയ, പലസ്തീന്, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ- ഓപ്പറേഷന്, ബംഗ്ലാദേശ്, ചാഡ്, ജിബൂട്ടി, ഗാംബിയ, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, ഒമാന്‍, പാകിസ്ഥാന്, സൊമാലിയ, സുഡാന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമന്‍ എന്നിവയുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
ഇസ്രാഈലിന്റെ പ്രഖ്യാപനം അപകടകരവും അസ്വീകാര്യവും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനവുമാണ്. ഇസ്രായേലിന്റെ ഈ പ്രഖ്യാപിത നടപടി കൊലപാതകം, ജനതയെ പട്ടിണിക്കിടല്‍, പലസ്തീന് ഭൂമി പിടിച്ചെടുക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ ശ്രമങ്ങള്‍ തുടങ്ങിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
