
മനാമ: ബഹ്റൈനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പലസ്തീന് ആഭ്യന്തര മന്ത്രി ജനറല്‍ സിയാദ് മഹ്മൂദ് ഹബ് അല്‍ റീഹ് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സനൊപ്പം ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി പ്രധാന ഡയറക്ടറേറ്റുകള്‍ സന്ദര്‍ശിച്ചു.
റോയല്‍ പോലീസ് അക്കാദമി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി തുടങ്ങിയ ഇടങ്ങളിലായിരുന്നു സന്ദര്‍ശനം.
റോയല്‍ പോലീസ് അക്കാദമിയില്‍ പലസ്തീന് മന്ത്രിയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും ആഭ്യന്തര മന്ത്രാലയത്തിന്റെ പേസ് സ്റ്റിക്ക് ഡിവിഷന്റെ അന്താരാഷ്ട്ര നേട്ടങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്ററി കണ്ടു.
ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷാ ഉദ്യോഗസ്ഥരെ തയ്യാറാക്കുകയും യോഗ്യരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള അക്കാദമിയുടെ അക്കാദമിക്, പരിശീലന പരിപാടികളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സ് സന്ദര്‍ശിച്ച മന്ത്രിക്ക്കുറ്റകൃത്യങ്ങള്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനുള്ള ഡയറക്ടറേറ്റിന്റെ നടപടികളെക്കുറിച്ച് അധികൃതര്‍ വിശദീകരിച്ചുകൊടുത്തു.
