
മനാമ: ബഹ്റൈനില്‍ ബോട്ടപകടത്തില്‍ രണ്ടു പേര് മരിച്ച കേസിലെ ഒരു പ്രതിയുടെ തടവുശിക്ഷ അപ്പീല്‍ കോടതി മൂന്നു വര്‍ഷമാക്കി ഉയര്‍ത്തി.
മുമ്പ് ശിക്ഷിക്കപ്പെട്ട് പിന്നീട് നാടുകടത്തപ്പെട്ട രണ്ടു വിദേശികളോടൊപ്പം പ്രതി നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് പ്രതി സ്വന്തം ബോട്ടില്‍ പോയത്. കോസ്റ്റ് ഗാര്‍ഡ് കണ്ടുപിടിക്കാതിരിക്കാന്‍ നാവിഗേഷന്‍ ലൈറ്റുകള്‍ ഓഫാക്കുകയും ബോട്ടിന്റെ ട്രാക്കിംഗ് സിസ്റ്റം പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു.
തിരിച്ചുവരുമ്പോള്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ബോട്ട് ഓടിച്ചു. ബോട്ട് രണ്ടു പേര് സഞ്ചരിച്ചിരുന്ന മറ്റെരു ബോട്ടില്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ അവര്‍ പിന്നീട് മരിച്ചു.
കീഴ്ക്കോടതി പ്രതിക്ക് ആദ്യം ആറു മാസം തടവാണ് വിധിച്ചിരുന്നത്. പ്രോസിക്യൂഷന് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് അപ്പീല്‍ കോടതി ശിക്ഷ മൂന്നു വര്‍ഷമാക്കിയത്.
