
മനാമ: ബഹ്റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായവും ചികിത്സാ സംവിധാനങ്ങളും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു.
ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നെങ്കിലും സ്വകാര്യമേഖലയ്ക്ക് അന്ന് അവധിയായിരുന്നതിനാല്‍ ശനിയാഴ്ചയാണ് നടപ്പാക്കിത്തുടങ്ങിയത്.
തൊഴില്‍ സുരക്ഷ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. പ്രഥമ ശുശ്രൂഷാ ലഭ്യത ഉറപ്പാക്കുക, മെഡിക്കല്‍ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുക, ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം വേഗത്തിലാക്കുക എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
1976ലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം, 2012ലെ സ്വകാര്യ മേഖലാ തൊഴില്‍ നിയമം, 2018ലെ പൊതുജനാരോഗ്യ നിയമം, 2021ലെ അതിന്റെ എക്സിക്യൂട്ടീവ് ബൈലോകള്‍, 2013ലെ തൊഴില്‍ സുരക്ഷാ നിയന്ത്രണ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് 2012ലെ സ്വകാര്യ മേഖല തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 192, അല്ലെങ്കില്‍ പൊതുജനാരോഗ്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 129 പ്രകാരം പിഴ ചുമത്തും.
