
മനാമ: ഇന്ത്യക്കാരനും ബഹ്റൈനിൽ താമസക്കാരനുമായ14കാരനായ ഫർഹാൻ ബിൻ ഷഫീൽ മോട്ടോർസ്പോർട്സ് ലോകത്തേക്ക് ശക്തമായ പ്രവേശനം നടത്തുകയാണ്. ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫർഹാൻ, പ്രൊഫഷണൽ കാർട്ടിങ് ടീമായ നോർത്ത്സ്റ്റാർ റേസിങ്ങിനൊപ്പം കഠിന പരിശീലനത്തിലാണ്. ബഹ്റൈൻ ശാകിർ ഇന്റർനാഷണൽ കാർട്ടിംഗ് സർക്യൂട്ടിൽ വെച്ചു നടക്കുന്ന Rotax Max ചാലഞ്ചിലെ സീനിയർ മാക്സ് വിഭാഗത്തിലാണ് പങ്കെടുകുന്നത്.
വണ്ടികളെ കുറിച്ചുള്ള താത്പര്യം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ കാറുകളുടെ ബ്രാൻഡുകൾ തിരിച്ചറിയുന്നതിൽ തന്റെ കഴിവ് കുടുംബത്തെ അത്ഭുതപ്പെടുത്തി. പിന്നീട് അത് ഒരു വലിയ സ്വപ്നമായി മാറി—ഒരു പ്രൊഫഷണൽ റേസറായി മാറണമെന്നായി.
മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ ഷഫീലിന്റെയും, ഷെറീനയുടെയും 4 മക്കളിൽ മൂത്തമകനാണ് ഫർഹാൻ. ഫർഹാന്റെ ആദ്യത്തെ ട്രാക്ക് അനുഭവം ബഹ്റൈൻ ഇന്റർനാഷണൽ കാർട്ടിങ് സർക്യൂട്ടിലെ (BIKC) റെന്റൽ കാർട്ട് സെഷനിലൂടെയായിരുന്നു. അതിനുശേഷം നടന്ന 24 മണിക്കൂർ കാർട്ടിങ് അസസ്മെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാനെ നോർത്ത്സ്റ്റാർ റേസിങ് ടീമിൽ അംഗമാക്കി.
ഇപ്പോൾ സ്വന്തം കാർട്ട്, ഔദ്യോഗിക റേസിംഗ് ലൈസൻസ്, കടുത്ത പരിശീലനക്രമം എന്നിവയോടെ ഫർഹാൻ മത്സര രംഗത്തേക്ക് തയാറെടുക്കുകയാണ്. അദ്ദേഹത്തിന്റെ റേസിംഗ് യാത്രയ്ക്ക് വേണ്ട പിന്തുണയും സ്പോൺസർഷിപ്പും ഇതിനോടകം ആവശ്യമുണ്ട്.
അന്താരാഷ്ട്ര ഫോർമുല 1 ട്രാക്കുകളിലെത്താനുള്ള ലക്ഷ്യത്തോടെ, ഈ മേഖലയിലെ യുവ പ്രതിഭയെ പ്രതിനിധീകരിക്കാനാണ് ഫർഹാന്റെ ലക്ഷ്യം.
