
ദില്ലി: അടിയന്തരാവസ്ഥ വാര്‍ഷികത്തിലെ ലേഖനം നെഹ്റു കുടുംബത്തിനെതിരെ ബിജെപി പരമാവധി പ്രചരിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാരിനുള്ള സ്തുതി തരൂര്‍ തുടരുകയാണ്. അതുകൊണ്ടു തന്നെ ശശി തരൂരിനെതിരായ വികാരം പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിലും, ലേഖനത്തെ അവഗണിക്കാനും ഹൈക്കമാന്‍ഡ്. ലേഖനത്തെ അവഗണിക്കാന്‍ നേതൃത്വം തീരുമാനിച്ചു.
അടുത്തിടെ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ ഉയര്‍ത്തിയ ആക്ഷേപവും തള്ളാനാണ് തീരുമാനം. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് തരൂരിനോട് വിശദീകരണം തേടണമെന്നും, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ നടപടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്റെ കാര്യത്തില്‍ തരൂര്‍ തീരുമാനമെടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതേസമയം, അടിയന്തരാവസ്ഥ ലേഖനത്തിന് പിന്നാലെ മോദി സര്‍ക്കാരിനുള്ള പ്രശംസ തരൂര്‍ തുടരുകയാണ്. ”ശക്തമായ ദേശീയതയാണ് ബിജെപി ഭരണത്തില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. കഴിഞ്ഞ 78 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ വിദേശ നയത്തിലും രാഷ്ട്രയീയത്തിലും ദൃശ്യമാണ്.”- ലണ്ടനില്‍ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ തരൂര്‍ വാചാലനായി.
