
മനാമ: ബഹ്റൈനിൽ സ്വത്ത് വീണ്ടെടുക്കലിനും കണ്ടുകെട്ടൽ ഉത്തരവുകൾ നടപ്പിലാക്കുന്നതിനുമുള്ള അഭ്യർത്ഥനകൾ സംബന്ധിച്ച മാർഗനിർദേശ മാനുവൽ അംഗീകരിച്ചുകൊണ്ട് അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബുഐനൈൻ തീരുമാനം 2025 (47) പുറപ്പെടുവിച്ചു.
സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ അംഗീകാരത്തോടെ പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയം, ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രാലയം, നീതിന്യായ- ഇസ്ലാമിക് കാര്യ- വഖഫ് മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി) എന്നിവ തമ്മിലുള്ള ഏകോപനത്തോടെ എഫ്.എ.ടി.എഫ്. ശുപാർശകൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് മാനുവൽ തയ്യാറാക്കിയത്.
ദേശീയ അധികാരികൾ അഭ്യർത്ഥിച്ചാലും വിദേശത്തുനിന്ന് അഭ്യർത്ഥന സ്വീകരിച്ചാലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആസ്തികളും വരുമാനവും വീണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാനുവൽ വിശദമായി പ്രതിപാദിക്കുന്നു. ബഹ്റൈനിലെ കോടതികളോ വിദേശ ജുഡീഷ്യൽ സ്ഥാപനങ്ങളോ പുറപ്പെടുവിക്കുന്ന കണ്ടുകെട്ടൽ ഉത്തരവുകൾ എങ്ങനെ നടപ്പിലാക്കാമെന്നും ഇത് വിശദീകരിക്കുന്നു, കൂടാതെ ഈ നടപടികൾ നടപ്പിലാക്കുന്നതിൽ രാജ്യത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പങ്കിനെയും നിർവചിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഴിമതിക്കെതിരായ കൺവെൻഷൻ, ട്രാൻസ്നാഷണൽ ഓർഗനൈസ്ഡ് കുറ്റകൃത്യങ്ങൾക്കെതിരായ യു.എൻ. കൺവെൻഷൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര കരാറുകൾക്ക് കീഴിലുള്ള ദേശീയ നിയമങ്ങളുൾക്കും ബഹ്റൈന്റെ പ്രതിബദ്ധതകൾക്കും അനുസൃതമായാണിത്.
വീണ്ടെടുക്കലിനും കണ്ടുകെട്ടലിനും വേണ്ടിയുള്ള നിയമപരമായ നടപടിക്രമങ്ങൾ മാനദണ്ഡമാക്കുക, സ്ഥാപനപരമായ രീതികൾ ഏകീകരിക്കുക, സുതാര്യത വർധിപ്പിക്കുക, സത്യസന്ധരായ കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, നിയമപരമായ സംരക്ഷണങ്ങൾ ഉയർത്തിപ്പിടിക്കുക എന്നിവയാണ് മാനുവലിന്റെ ലക്ഷ്യമെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ കൗൺസിലർ വഈൽ റാഷിദ് ബുവാലെ പറഞ്ഞു.
