
മനാമ: ബഹ്റൈനില്‍ സമഗ്രവും രോഗീകേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണം നല്‍കാനുള്ള നടപടികളുടെ ഭാഗമായി മെഡിക്കല്‍ ടീമുകളും തീവ്രപരിചരണ വിഭാഗങ്ങളിലെ (ഐ.സി.യു) രോഗികളുടെ കുടുംബങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനായി പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘തമ്മിനി’ (റീഅഷൂര് മി) സര്‍ക്കാര്‍ ആശുപത്രികള്‍ ആരംഭിച്ചു.
ഐ.സി.യു. നഴ്സുമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നഴ്സിംഗ് ജീവനക്കാരാണ് പ്ലാറ്റ്ഫോം പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്തത്. രോഗികളുടെ കുടുംബങ്ങള്‍ക്ക് പരിചരണം ഉറപ്പുനല്‍കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഔദ്യോഗിക സമയം കഴിഞ്ഞുള്ള സന്ദര്‍ശനങ്ങള്‍ പരിമിതപ്പെടുത്താനും ആവര്‍ത്തിച്ചുള്ള അന്വേഷണങ്ങള്‍ കുറയ്ക്കാനും പ്ലാറ്റ്ഫോം സഹായിക്കുമെന്ന് ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് കാര്യാലയം അറിയിച്ചു. ഇത് ഐ.സി.യുകള്ക്കുള്ളിലെ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും മെഡിക്കല്‍ ടീമുകളും കുടുംബങ്ങളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
മാനസികവും സാമൂഹികവുമായ പിന്തുണാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമെ കുടുംബങ്ങള്‍ക്ക് പതിവായി ആരോഗ്യ അപ്ഡേറ്റുകള് നോക്കാനും വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാനും പിന്തുണാ സന്ദേശങ്ങള്‍ കൈമാറാനും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ബന്ധപ്പെടാനും സാധിക്കുന്ന ആശയവിനിമയ സംവിധാനങ്ങള്‍ പ്ലാറ്റ്ഫോമിലുണ്ട്.
