
മനാമ: അമേരിക്കയില്‍നിന്ന് ബഹ്റൈനിലേക്ക് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വിതരണ കമ്പനിയുടെ ഡെലിവറി ഡ്രൈവര്‍ കോടതിയില്‍ അറിയിച്ചു.
സൗന്ദര്യവര്‍ധക വസ്തുക്കളാണ് പാര്സലിലുള്ളതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതിനാലാണ് താന്‍ അതു കൊണ്ടുവരാന്‍ പോയന്നതെന്നും ഏഷ്യക്കാരനായ അദ്ദേഹം പറഞ്ഞു. പാര്‍സല്‍ ഏറ്റുവാങ്ങിയതിന്റെ പേരില്‍ 30കാരനായ അദ്ദേഹത്തെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാര്‍സല്‍ എത്തിച്ചവര്‍ കമ്പിയെ ഫോണില്‍ ബന്ധപ്പെട്ട് അത് ഏറ്റുവാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇത് നേരത്തെ തന്നെ പെട്ടിരുന്നു. പാര്‍സല്‍ ഏറ്റെടുക്കാനെത്തി രസീതില്‍ ഒപ്പിട്ട ഉടനെയാണ് ഡ്രൈവര്‍ പിടിയിലായത്. കുറ്റം ചുമത്തപ്പെട്ട അദ്ദേഹം ഇപ്പോഴും കസ്റ്റഡിയിലാണ്.
താന്‍ നിരപരാധിയാണെന്ന് പ്രതി അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു വേണ്ടി ഒരു അഭിഭാഷകനെ നിയോഗിക്കാനുള്ള അപേക്ഷയില്‍ ഹൈ ക്രിമിനല്‍ കോടതി ജൂലെ 14ന് വാദം കേള്‍ക്കും.
