അമേരിക്കയുടെ പശ്ചിമതീരത്ത് അതിഭയങ്കരമായ കാട്ടുതീ പടർന്നു പിടിച്ചു. പ്രദേശം മാരകമായ പുകപടലംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. തീപിടുത്തത്തിൽ ഡസൻ കണക്കിനാളുകളെ കാണാതായിട്ടുണ്ട്. 28 പേർ മരണപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായിട്ടുണ്ട്. ഓഗസ്റ്റ് പകുതി മുതൽ അമേരിക്കയുടെ പശ്ചിമതീരത്തുള്ള മൂന്ന് സംസ്ഥാനങ്ങളിൽ പടർന്ന കാട്ടുതീയിൽ കാലിഫോർണിയയിൽ 19 പേർ ഉൾപ്പെടെ ഇതുവരെ 28 പേർ മരിച്ചു.
നാഷണൽ ഇന്ററാജൻസി ഫയർ സെന്ററിന്റെ കണക്കനുസരിച്ച് അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് 97 വലിയ തീപിടുത്തങ്ങൾ ശനിയാഴ്ച കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഐഡഹോയിൽ 12 ഉം മൊണ്ടാനയിൽ 9 ഉം തീപിടുത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കാലിഫോർണിയ, ഒറിഗോൺ, വാഷിംഗ്ടൺ, ഐഡഹോ എന്നിവിടങ്ങളിൽ ശനിയാഴ്ച അനാരോഗ്യകരമായ പുക വായുവിൽ ഉണ്ടാക്കുന്നുണ്ടെന്നും ഫെഡറൽ വായു ഗുണനിലവാര മോണിറ്ററുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട് – പുക ശ്വസിക്കുന്നത് ആളുകളെ രോഗിയാക്കാനും മറ്റു രോഗങ്ങളിലേക്ക് നയിക്കുവാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.