
മനാമ: ബഹ്റൈനില്‍ സ്വകാര്യ മേഖലയിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ നിയമനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രിയും പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ബോര്‍ഡ് ആക്ടിംഗ് ചെയര്‍മാനുമായ നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ അറിയിച്ചു. വ്യക്തിഗത ഡാറ്റയുടെ മേഖലയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതായി തരംതിരിച്ച വിഭാഗങ്ങളിലേക്കാണ് നിയമനം.
സമഗ്രവും സൂക്ഷ്മവുമായ പഠനത്തിനു ശേഷം പ്രോസസ്സ് ചെയ്യുന്ന വ്യക്തിഗത ഡാറ്റയുടെ അളവ്, ജോലിയുടെ സ്വഭാവം, പ്രവര്‍ത്തന തരം, വ്യക്തിഗത ഡാറ്റയുടെ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന അപകടസാധ്യതയുടെ തോത് എന്നിവ അനുസരിച്ച് മന്ത്രാലയം സ്വകാര്യ മേഖലയെ മൂന്ന് തലങ്ങളായി തരംതിരിച്ചിട്ടുണ്ട്.
ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളായ ധനകാര്യം, ബിസിനസ്, ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ 2018ലെ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമത്തിലെ (30) വ്യവസ്ഥകളുടെ നടപ്പാക്കുകയും നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുക എന്നതാണ് ഡാറ്റാ സംരക്ഷണ ഓഫീസറുടെ ചുമതല. ഡാറ്റാ കണ്‍ട്രോളര്‍മാരെ സഹായിക്കുക, ഡാറ്റാ പ്രോസസ്സിംഗ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റിയെയും ഡാറ്റാ കണ്‍ട്രോളറെയും തമ്മില്‍ ഏകോപിപ്പിക്കുക, അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട പ്രോസസ്സിംഗ് പ്രവര്‍ത്തനങ്ങളുടെ രേഖ സൂക്ഷിക്കുക എന്നിവയും ഓഫീസര്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
