കൊല്ലം: കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത സീരിയല്‍ നടിയും കുടുംബവും ഒളിവിലാണെന്ന് നിഗമനം. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാത്തതിനാല്‍ ഇവരുടെ കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. നടിയുടേയും കുടുംബാംഗങ്ങളുടേയും മുഴുവന്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് സീരിയല്‍ നടി. ഹാരിസുമായി നേരത്തേ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വളയിടല്‍ കഴിഞ്ഞ് ഹാരിസ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുകയും മറ്റൊരു വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്.
പെണ്‍കുട്ടി ഹാരിസിനോടും ഹാരിസിന്റെ മാതാവിനോടും നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. ഹാരിസിന്റെ കുടുംബത്തെ മൂന്നുദിവസം മുൻപ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.