കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ പേര് പ്രതിപ്പട്ടികയില്‍. കള്ളക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച അഞ്ച് പേരെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുള്‍ അസീസ്, കൊയമ്പത്തൂര് സ്വദേശി നന്ദു, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹമ്മദ് ഷമീര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.
ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 30 ആയി. ഇതിനിടെ 25ാം പ്രതി കോഴിക്കോട്ടെ ജ്വല്ലറി ഉടമ ഷംസുദ്ദീന് കേസിലെ മുഖ്യ കണ്ണിയെന്ന് എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു. ഷംസുദീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്താണ് നിലപാട്. കേസിലെ മുഖ്യകണ്ണിയായ പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ വാദിച്ചു. വിമാനത്താവവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ കേസിന്റെ ഗൂഢാലോചന ഷംസുദ്ദിന്റെ അറിവോടെയാണെന്നാണ് എന്‍ഐഎ നിലപാട്. ഹര്‍ജി ഈ മാസം 16ലേക്ക് മാറ്റി.
കോയമ്പത്തൂരിലെ വിവിധ ഇടങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തി. രാജാ സ്ട്രീറ്റിലെ ജ്വല്ലറി ഉടമ നന്ദകുമാറിനെ എന്‍ഐഎ ചോദ്യം ചെയ്തു. വിമാനത്താവളം വഴി എത്തിച്ച അനധികൃത സ്വര്‍ണ്ണം ആഭരണങ്ങളാക്കി തമിഴ്നാട്ടിലെ സ്വര്‍ണ കടകളില്‍ വില്‍പ്പന നടത്തിയതിന്റെ രേഖകളും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്.