കൊച്ചി: കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ പത്ത് പേർ പിടിയിൽ. പച്ചക്കറി കടയുടെ പ്രധാന ഓഫീസിൽ നിന്നും കളക്ഷൻ തുകയുമായി സ്കൂട്ടറിൽ പോയ കാഷ്യർ ഡേവിസിനെ പത്ത് പേർ ചേർന്ന് മുഖത്ത് പെപ്പർ സ്പ്രേ അടിച്ച ശേഷം കുത്തിവീഴ്ത്തി പണം കവരുകയായിരുന്നു. പെപ്പർ സ്പ്രേയുടെ ഉറവിടമാണ് പ്രതികളിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. 2024 ഡിസംബർ 27 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്.കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26),മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം, പണിക്കശ്ശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പതിനെട്ട് വയസുകാരായ പെരിഞ്ഞനം സ്വദേശി നവീൻ , കണിവളവ് സ്വദേശി അഭിഷേക്, മൂന്നു പീടിക സ്വദേശികളായ സൽമാൻ ഫാരിസ്, ഫിറോസ്, എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ഡിസംബർ 27 ന് വൈകിട്ട് അഞ്ച് മണിയോടെ കാലടിയിലുള്ള വി.കെ.ഡി പച്ചക്കറിക്കടയുടെ പ്രധാന ഓഫീസിൽ നിന്നും കളക്ഷൻ തുകയുമായി സ്കൂട്ടറിൽ പോയ കാഷ്യർ ഡേവിസിനെ മോട്ടോർസൈക്കിളിൽ വന്ന വിഷ്ണു പ്രസാദ്, അനീസ് എന്നിവർ ബൈക്ക് വട്ടം വെച്ച് സ്കൂട്ടർ മറിച്ചിടുകയായിരുന്നു. താഴെ വീണ ഡേവിസിൻറെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് ഡേവിസിൻറെ വയറിന്റെ വലതുഭാഗത്തു കത്തികൊണ്ട് കുത്തി സ്കൂട്ടറിൻറെ സീറ്റിനടിയിലെ ബോക്സിലുണ്ടായിരുന്ന പണം കവർന്ന് കടന്നു കളയുകയായിരുന്നു.പ്രതികൾ സഞ്ചരിച്ച യമഹ ആർ-15 ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നൂറു കണക്കിന് ബൈക്കുകളുടെ വിവരം ശേഖരിച്ചു. വി.കെ.ഡി കമ്പനിയിൽ ജോലി ചെയ്തവരെയും ഇതിനുമുമ്പ് ജോലിയിൽനിന്ന് വിട്ടുപോയവരുടെയും ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അന്വേഷണം നടത്തി. നൂറിലേറെ സിസിടിവികൾ പരിശോധിച്ചു. മുഖത്തടിച്ച പെപ്പർ സ്പ്രേയുടെ ഉറവിടവും കണ്ടെത്തി. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളിലേക്കെത്തിയത്.ആസൂത്രണം ജയിലിൽ വച്ച്, 50 ലക്ഷം രൂപ ഉണ്ടാകുമെന്ന് കരുതി
ഈ കേസിലെ മൂന്നാം പ്രതി അനിൽകുമാർ വി.കെ.ഡി കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഇയാളെ ഫെബ്രുവരിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ അറസ്റ്റ് ചെയുകയും ഇരിങ്ങാലക്കുട സബ് ജയിലിൽ പാർപ്പിച്ചിരിക്കുകയുമായിരുന്നു. ഈ സമയം ഒന്നാംപ്രതി വിഷ്ണു, രണ്ടാംപ്രതി അനീസ്, നാലാംപ്രതി സഞ്ജു തുടങ്ങിയവർ വിവിധ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഈ കേസിൻറെ ഗൂഢാലോചന നടക്കുന്നത്. വി കെ ഡി കമ്പനിയിലെ കാഷ്യർ പണവുമായി പോകുന്ന വിവരം മറ്റ് പ്രതികളുമായി അനിൽകുമാർ പങ്കുവയ്ക്കുകയും ജയിൽ നിന്ന് ഇറങ്ങിയശേഷം ഈ പണം കൊള്ളയടിക്കാം എന്ന് പദ്ധതിയിടുകയുമായിരുന്നു. 50 ലക്ഷം രൂപ ഉണ്ടാകുമെന്നാണ് അനിൽകുമാർ മറ്റുപ്രതികളോട് പറഞ്ഞത്. തുടർന്ന് ജയിൽനിറങ്ങിയ അനിൽകുമാർ വീണ്ടും കമ്പനിയിൽ ജോലി കയറുകയും പിന്നീട് ജോലിയിൽ നിന്ന് പിരിഞ്ഞുപോകുമായിരുന്നു. കവർച്ച നടത്തുന്നതിന് മൂന്നുമാസം മുമ്പ് മുതൽ 4 പ്രതികളും പലസ്ഥലങ്ങളിലും കണ്ടുമുട്ടുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. കാഷ്യർ ഡേവിസ് പോകുന്ന വഴികളിലൂടെ സഞ്ചരിച്ചും ഇയാളുടെ വണ്ടി നമ്പറും വണ്ടിയും ആളെയും സ്കെച്ച് ചെയ്തു. പോലീസ് പിടികൂടാതെ രക്ഷപ്പെട്ടു പോകാൻ എളുപ്പമുള്ള വഴികൾ കാറിലും ബൈക്കിലുമായി വന്ന് കണ്ടെത്തുകയും ചെയ്തു.പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം; ഒളിവിൽ നിന്ന് വലയിലായി.കവർച്ച ചെയ്ത പണം പങ്കുവെച്ചതിന് ശേഷം വിഷ്ണുവും അനീസും രണ്ട് വഴികളിലായി രക്ഷപ്പെട്ടിരുന്നു. വിഷ്ണു ഇവിടെ നിന്ന് രക്ഷപ്പെട്ടതിനു ശേഷം മൈസൂർ, ഗോവ, ഡൽഹി, ഹരിദ്വാർ, വാരണാസി എന്നിവിടങ്ങളിൽ കഴിഞ്ഞതിനുശേഷം പഴനിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പഴനിയിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. രണ്ടാംപ്രതി അനീസിനെ വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നുമാണ് പിടികൂടിയത്. അപകടകാരികളായ പ്രതികളെ സാഹസികമായാണ് അന്വേഷണസംഘം കീഴടക്കിയത്. അനീസിനെ ഒളിവിൽ പോകാൻ സഹായിച്ച ഇയാളുടെ സുഹൃത്തുക്കളായ സൽമാൻ, അഭിഷേക്, നവീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും വാടകയ്ക്ക് വാങ്ങിയതായിരുന്നു. ഇത് വാങ്ങി അനീസിന് കൊടുത്ത ഫിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു. അനീസിന് ലഭിച്ച പണം അനീസ് തന്റെ പിതാവായ അൻസാരിയെ ഏൽപ്പിക്കുകയും ഇയാൾ അനീസിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തിരുന്നു. ഇയാളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഈ പണം കൊടുങ്ങല്ലൂർ സ്വദേശിനിയായ ഷെമു എന്ന സ്ത്രീക്ക് കൈമാറിയിരുന്നു. ഈ പണം ഇവർ പോലീസിന് കൈമാറാൻ വിസമ്മതിച്ചതിന് ഇവരേയും അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംപ്രതി ബോംബ് വിഷ്ണു മതിലകം പോലീസ് സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്കെതിരെ വധശ്രമത്തിന് നാല് കേസുകളും ബോംബ് കൈവശം വച്ചതിന് ഒരു കേസും കൂടാതെ മറ്റ് കേസുകളും ഉണ്ട്. രണ്ടാംപ്രതി ബെല്ലാരി അനീസിന് കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ഉണ്ട്. ഇയാൾക്ക് മോഷണത്തിനും കസ്റ്റഡിൽ നിന്ന് രക്ഷപ്പെട്ടുപോയതിനും ആയുധം കൈവശം വെച്ചതിനും വധശ്രമത്തിനും കേസുകൾ ഉണ്ട്. മൂന്നാം പ്രതി അനിൽകുമാറിന് സ്പിരിറ്റ് കടത്തൽ കേസും പോക്സോ കേസും നിലവിലുണ്ട്. നാലാംപ്രതി സഞ്ജുവിനാകട്ടെ വധശ്രമത്തിനും കേസുകളുണ്ട്.ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ആലുവ ഡി.വൈ.എസ്.പി ടി.ആർ.രാജേഷ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജു, ഇൻസ്പെക്ടർ അനിൽകുമാർ.ടി.മേപ്പിള്ളി, സബ് ഇൻസ്പെക്ടർമാരായ ജോസി.എം.ജോൺസൺ, ടി.വി.സുധീർ, ജെയിംസ് മാത്യൂ, വി.എസ്.ഷിജു, റെജിമോൻ, ഒ.എ.ഉണ്ണി, ആഷിക് മുഹമ്മദ്, അഭിജിത്ത്, എ. എസ്.ഐമാരായ പി.എ.അബ്ദുൽ മനാഫ്, എം.എസ്. രാജി, സി.ഡി.സെബാസ്റ്റിൻ, നൈജോ, സീനിയർ സി.പി.ഒ മാരായ ടി.എ.അഫ്സൽ, വർഗീസ്.ടി.വേണാട്ട്, ഷിജോ പോൾ, മനോജ് കുമാർ, ബെന്നി ഐസക്ക്, ഷിബു അയ്യപ്പൻ, പി.എ.ഷംസു, എം.ആർ.രഞ്ജിത്ത്, കെ.ആർ രാഹുൽ, രതീഷ് സുഭാഷ്, പി.എം.റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Trending
- ലോസാഞ്ചലസിൽ കാട്ടുതീ അണയ്ക്കാൻ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് മറ്റൊരു വസ്തു.
- പാകിസ്ഥാന്റെ തലവര മാറുന്ന കണ്ടെത്തൽ, 80,000 കോടിയുടെ നിധി ഇന്ത്യയ്ക്ക് തൊട്ടടുത്ത്
- പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി
- പെപ്പര്‍ സ്പ്രേ കുടുക്കി; സ്കൂട്ടര്‍ യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവര്‍ന്ന 10 പേര് പിടിയില്‍
- മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്
- നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ അവഹേളനം; 19കാരി നവവധു ജീവനൊടുക്കി
- ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി; പരിക്കേറ്റ മലയാളിയെയും തിരിച്ചെത്തിക്കാൻ ശ്രമം
- ദർശന പുണ്യം നേടി ജനലക്ഷങ്ങൾ; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു
പെപ്പര്‍ സ്പ്രേ കുടുക്കി; സ്കൂട്ടര്‍ യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവര്‍ന്ന 10 പേര് പിടിയില്‍
Updated:3 Mins Read