തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ ട്യൂഷന് അദ്ധ്യാപകന് 111 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു.
മണക്കാട് സ്വദേശി മനോജി(44)നെയാണ് ജഡ്ജി ആര്. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകന്‍ കൂടിയാകേണ്ട അദ്ധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന് ക്ലാസ് നടത്തിയിരുന്നു. അന്ന് സ്പെഷ്യല്‍ ക്ലാസുണ്ടന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതിര്‍ത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിന് മുമ്പും പല ദിവസങ്ങളില്‍ പീഡനശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി വഴങ്ങിയിരുന്നില്ല. പീഡനത്തിന് ശേഷം കുട്ടി ഭയന്ന് ട്യൂഷന് പോകാതെയായി. ഇവര്‍ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചുവരുത്തി വഴക്ക് പറയുകയുമുണ്ടായി. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന് ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങള്‍ ഫോണില്‍ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാര്‍ ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടത്തിയ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കിട്ടിയിരുന്നു. സംഭവദിവസം പ്രതി ഓഫീസിലായിരുന്നു എന്നു കാണിക്കാന്‍ രജിസ്റ്ററില്‍ ഒപ്പിട്ട രേഖകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് ഹാജരാക്കിയ പ്രതിയുടെ ഫോണ്‍ രേഖകള്‍ പ്രകാരം പ്രതി സംഭവദിവസം ട്യൂഷന് സെന്റര്‍ പരിസരങ്ങളിലുള്ളതായി തെളിഞ്ഞിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.എസ്. വിജയ് മോഹന്‍, ആര്.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. ഫോര്‍ട്ട് പോലീസ് ഇന്‍സ്പെക്ടര്‍മാരായ എ.കെ. ഷെറി. കെ.ആര്. ബിജു, ജെ. രാകേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Trending
- ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് അടിച്ചു; പത്താംക്ലാസുകാരന്റെ മരണത്തില്‍ ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍
- കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം; നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു
- വല ക്യാരക്ടർ ലുക്ക്;കിടിലൻ മേക്കോവറിൽ പ്രൊഫ അമ്പിളിയായി ജഗതി
- ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ലഹരിക്കടത്ത്. രണ്ടുപേര്‍ പിടിയില്‍
- കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ 200 വിമാനങ്ങള്‍ വൈകി, 10 എണ്ണം റദ്ദാക്കി
- ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ
- ഗള്‍ഫ് കപ്പ് വിജയം: ബഹ്റൈനും ദേശീയ ഫുട്ബോള്‍ ടീമിനും അഭിനന്ദന പ്രവാഹം
- എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു