ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ, ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം കേരളത്തിന് ആകെ നാണക്കേടാണ്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് കോവിഡ് രോഗി പീഡനത്തിനിരയാകാൻ കാരണം. ക്രിമിനലുകളെ തിരുകി കയറ്റാൻ ശ്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴി ആംബുലൻസ് ഡ്രൈവർ നൗഫൽ പീഡിപ്പിച്ചത്. പ്രതിയെ അറസ്റ്റു ചെയ്യുകയും ജോലിയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇയാൾ വധശ്രമക്കേസ് പ്രതിയാണെന്ന് എസ്പി കെ.ജി.സൈമൺ പറഞ്ഞു.