പത്തനംതിട്ട: കോന്നി ഗവണ്മെന്റ് മെഡിക്കല്‍കോളജ് സെപ്ടംബര്‍ 14 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.കോന്നി ഗവണ്മെന്റ് മെഡിക്കല്‍കോളജില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഒപി വിഭാഗം ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കും. മെഡിക്കല്‍കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്.
മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, മെഡിക്കല്‍കോളജ് ജീവനക്കാര്‍ ഉള്‍പ്പെടെ 50പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങ് ലഘൂകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഉദ്ഘാടനം നടത്തുക. പൊതുജനങ്ങളെ ചടങ്ങില്‍ അനുവദിക്കില്ല. ചടങ്ങിന് മുന്നോടിയായി അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും.