മനാമ: ഇൻഫർമേഷൻ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വിസ, ബഹ്റൈൻ റൈറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ബഹ്റൈൻ ഇസ്ലാമിക് ബാങ്ക് (ബി.എസ്.ബി) ഒക്ടോബർ പകുതിയോടെ ആരംഭിച്ച ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’ എന്ന പരിപാടി സമാപിച്ചു.
സമാപന ചടങ്ങിൽ വിജയികളെയും ഫൈനലിസ്റ്റുകളെയും ആദരിച്ചു. മികച്ച എൻട്രികൾ സമാഹരിച്ച്, വരാനിരിക്കുന്ന ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ഒരു പുസ്തകം പുറത്തിറക്കി.
നവീകരണത്തിലും സർഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് അറബി ഭാഷയെ പ്രോത്സാഹിപ്പിക്കാനും ദേശീയ സ്വത്വം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. വിദ്യാർത്ഥികളായ പങ്കാളികൾ സമർപ്പിച്ച മികച്ച 20 കൃതികളെക്കുറിച്ചുള്ള മൂന്ന് പ്രത്യേക എപ്പിസോഡുകൾ ബഹ്റൈൻ ടി.വി. അവതരിപ്പിച്ചു.
13നും 18നുമിടയിൽ പ്രായമുള്ള ബഹ്റൈനി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള മത്സരം, ബഹ്റൈൻ്റെ ഭാവി വിഭാവനം ചെയ്യുന്ന അറബിയിൽ ചെറുകഥകൾ എഴുതാനാണ് നിർദേശിച്ചത്. സർഗ്ഗാത്മകത, ഭാവന, നവീകരണം, ഭാഷാപരമായ വാചാലത, മൗലികത, സാംസ്കാരികവും സാങ്കേതികവുമായ ഇതിവൃത്തങ്ങളുടെ സംയോജനം എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻട്രികൾ വിലയിരുത്തിയത്.
ബഹ്റൈനിലെ ക്രിയാത്മകതയുള്ള യുവാക്കളെ പിന്തുണയ്ക്കുന്നതിലും അറബി ഭാഷയെ ദേശീയ സ്വത്വത്തിൻ്റെ ആണിക്കല്ലായി പ്രോത്സാഹിപ്പിക്കുന്നതിലും ഈ പരിപാടി വലിയ പങ്ക് വഹിച്ചതായി ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. ബഹ്റൈൻ്റെ സാംസ്കാരിക- സാഹിത്യ മേഖലയെ സമ്പന്നമാക്കുന്നതിന് സംഭാവന ചെയ്യുന്ന പ്രതിഭാധനരായ വ്യക്തികളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഇത് അവസരമൊരുക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.