മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ അറസ്റ്റിലായ 13 പ്രതികളിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട സമയത്ത് കാറിലുണ്ടായിരുന്ന ഡ്രൈവർ പാട്ടുരായ്ക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുനും (28).
കവർച്ച നടത്തിയ ശേഷം അർജുനാണ് മറ്റൊരു വാഹനത്തിൽ കാത്തുനിന്ന് സ്വർണവുമായി എത്തിയ സംഘത്തിലെ നാലു പേരെ മറ്റൊരു പ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത്. പിടിയിലായവരിൽനിന്ന് വിവിധ സ്ഥലങ്ങളിൽനിന്നായി പോലീസ് 1.723 കിലോഗ്രാം സ്വർണവും അവശേഷിച്ച സ്വർണം വിൽപന നടത്തിയ 3,2,7,9500 രൂപയും പിടിച്ചെടുത്തു.
സ്വർണം ഉരുക്കി ഏഴു കട്ടികളാക്കിയ നിലയിലായിരുന്നു. ഇതിൽ ഒരു കട്ടി പ്രതികളിലൊരാളായ ലിസൺ വിറ്റിരുന്നു. ഈ തുകയും മറ്റ് രണ്ടു കട്ടികളും ഇയാളുടെ വീട്ടിൽനിന്നും നാലു കട്ടികൾ മിഥുന്റെ വീട്ടിൽനിന്നുമാണ് കണ്ടെത്തിയത്. സ്വർണം ഉരുക്കാനുപയോഗിച്ച സാധനസാമഗ്രികൾ സതീഷിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. ആഭരണങ്ങളിൽ സ്വർണം കെട്ടിയ ആറു കരിവളകൾ തൃശൂരിലെ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് പോലീസ് കണ്ടെടുത്തു. റിമാൻഡിലായിരുന്ന പ്രതികളിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ് വീട്ടിൽ നിജിൽ രാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻ ലാൽ (29) എന്നിവരെ 30 വരെയും അർജുൻ, പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടിൽ സതീഷ് (46), കണ്ണറ സ്വദേശി കുഞ്ഞിക്കാവിൽ ലിസൺ (31), തൃശൂർ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുൻ എന്ന അപ്പു (37) എന്നിവരെ ഡിസംബർ നാലു വരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
പിടിയിലായ സംഘത്തിൽ അനസിന്റെ പേരിൽ 15 കേസുകളും ഷിഹാബുദ്ദീന്റെ പേരിൽ 22 കേസുകളും അനന്തുവിന്റെ പേരിൽ ഏഴു കേസുകളും സലീഷിന്റെ പേരിൽ 14 കേസുകളും സതീഷിന്റെ പേരിൽ മൂന്നു കേസുകളും നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ 3.2 കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് ബന്ധപ്പെട്ട വ്യാപാരികൾ പറയുന്നത്. എന്നാൽ കവർച്ചയ്ക്കു ശേഷം ലഭിച്ച സ്വർണം പ്രതികൾ തൂക്കി നോക്കിയതായാണ് പറയുന്നതെന്നും 2.5 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് സംഘത്തിന്റെ മൊഴിയെന്നും ഡിവൈ.എസ്.പി. ടി.കെ. ഷൈജു, പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ. ടി.എ. ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു.
കൃത്യത്തിൽ നേരിട്ട് പങ്കാളികളായ നാലു പേരുൾപ്പെടെ അഞ്ചു പേരെയും രണ്ടു വാഹനങ്ങളും ഇനി പിടികൂടാനുണ്ട്. കഴിഞ്ഞ 21ന് രാത്രി എട്ടരയോടെ പെരിന്തൽമണ്ണയിൽ കടയടച്ച് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന കെ.എം. ജ്വല്ലറി ഉടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറുകൊണ്ട് ഇടിച്ചിട്ട് ആക്രമിച്ച് പരിക്കേൽപിച്ചാണ് സംഘം സ്വർണം കവർന്നത്.