മനാമ:ക്യാൻസർ രോഗികൾക്ക് കീമോതെറാപ്പിയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനുള്ള വിഗ് സൗജന്യമായി നൽകുന്ന ബഹറൈൻ ക്യാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ ബഹ്റൈൻ തൃശൂർ കുടുംബം (ബി.ടി.കെ) പങ്കാളികൾ ആയി. അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും ക്യാൻസർ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ബി.ടി.കെ യുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഹെയർഡൊണേഷൻ ക്യാമ്പിൽ സ്കൂൾ വിദ്യാർത്ഥിനികൾ അടക്കം 15 ബി.ടി.കെ അംഗങ്ങൾ തങ്ങളുടെ മുടി ദാനം നൽകി. സനദിലുള്ള മൈസൂൺ സലൂൺ സൗജന്യമായി മുടി മുറിക്കുന്നതിനുള്ള സൗകര്യം ചെയ്തു.
കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം, സാമൂഹിക പ്രവർത്തകരായ സയ്യദ് ഹനീഫ്, അമൽദേവ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ബി.ടി.കെ പ്രസിഡണ്ട്
ജോഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, വിജോ വർഗ്ഗീസ്, വിനോദ് ഇരിക്കാലി, ലേഡീസ് വിംഗ് പ്രസിഡണ്ട് ഷോജി ജീജോ, സെക്രട്ടറി ജോയ്സി സണ്ണി, ക്യാമ്പ് കൺവീനർ പ്രസീത ജതീഷ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബി.ടി.കെ മാതൃകയാണെന്ന് മുഖ്യാഥിതികൾ അഭിപ്രായപ്പെട്ടു.
ഹെയർ ഡൊണേഷനോടൊപ്പം അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് ബി.ടി.കെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നൂറോളം അംഗങ്ങൾക്ക് പ്രയോജനപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് ബി.ടി.കെ യുമായി തുടർന്നും സഹകരണം തുടരുമെന്ന് എന്ന് അൽ ഹിലാൽ മാനേജ്മെന്റ് നു വേണ്ടി അമലും ഷിജിനും അറിയിച്ചു. ബി.ടി.കെ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.