കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് കുടുംബം. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതി അടക്കം ആരാണ് ഉണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബിനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും നവീന്റെ കുടുംബം ആവശ്യപ്പെടുന്നു. ദിവ്യയ്ക്കു പുറമേ, ആരോപണം ഉന്നയിച്ച പ്രശാന്തനെ കൂടി പ്രതിചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, പൊലീസ് പ്രശാന്തനെ പ്രതി ചേര്‍ത്തില്ലെന്നും ബന്ധു ഹരീഷ് കൂമാര്‍ പറഞ്ഞു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയം ഉന്നയിച്ച് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയിരുന്നു.
ഈ മാസം 15 നാണ് നവീന്‍ബാബുവിന്റെ സഹോദരന് ഗൂഢാലോചന സംശയിച്ച് പൊലീസിന് പരാതി നല്‍കിയത്. അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ സംബന്ധിക്കുന്നതും, ദിവ്യയുടെ പ്രസംഗത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കപ്പെട്ടതും സംശയകരമാണ്. ഇതിനു പിന്നില്‍ പ്രശാന്തനും പി പി ദിവ്യയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയമുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പൊലീസില്‍ നിന്നും ഇതിന്മേല് നടപടിയുണ്ടായില്ലെങ്കില്‍, പ്രശാന്തനെ കൂടി പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കുടുംബം സൂചിപ്പിച്ചു.