ലഖ്നൗ: പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫം ഡോക്ടര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ടി.ബി/എച്ച്.ഐ.വി. വിഭാഗം കോര്‍ഡിനേറ്റര്‍ ജബ്ബാര്‍ ഖാന്, ടെക്നീഷ്യന് മുഷീര്‍ അഹമ്മദ് എന്നിവര്‍ക്കെതിരേയാണ് ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറും ജില്ലാ ടി.ബി. ഓഫീസറുമായ ഡോ. യഷ് വീര്‍ സിങ്ങിന്റെ പരാതിയിലാണ് പോലീസ് നടപടി. ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനെ പ്രതികളായ രണ്ടുപേരും ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫത്തിന്റെ സാമ്പിള്‍ ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. പോലീസ് കേസെടുത്തതോടെ പ്രതികളായ രണ്ടുപേരും ഒളിവില്‍പോയിരിക്കുകയാണ്. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനായ ടിങ്കുവിനെ സമ്മര്‍ദത്തിലാക്കിയാണ് പ്രതികള്‍ ഇത് ചെയ്തതെന്നാണ് ഡോക്ടറുടെ ആരോപണം. ഡോക്ടര്‍ക്കും കുടുംബത്തിനും ഇടയ്ക്കിടെ ഭക്ഷണം വാങ്ങി വീട്ടില്‍ എത്തിച്ചുനല്‍കിയിരുന്നത് ടിങ്കുവാണ്. തുടര്‍ന്നാണ് പ്രതികള്‍ ടിങ്കുവിനെ ഭീഷണിപ്പെടുത്തി സംഭവം ആസൂത്രണംചെയ്തത്. അതീവഗുരുതരാവസ്ഥയിലുള്ള ക്ഷയരോഗിയുടെ കഫവും ചില വിഷപദാര്‍ഥങ്ങളുമാണ് ഭക്ഷണത്തില്‍ കലര്‍ത്തി നല്കാന് നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് പ്രതികള്‍ നിര്‍ദേശം നല്‍കുന്നതിന്റെ ഫോണ്‍ റെക്കോഡ് ടിങ്കു തന്നെയാണ് ഡോക്ടര്‍ക്ക് കൈമാറിയത്. പ്രതികള്‍ ആവശ്യപ്പെട്ട കാര്യം ചെയ്യാന്‍ തന്റെ മനഃസാക്ഷി അനുവദിച്ചില്ലെന്ന് പറഞ്ഞാണ് ടിങ്കു സംഭവം വെളിപ്പെടുത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.
അതിനിടെ, കഴിഞ്ഞ ഒരുമാസത്തിനിടെ തനിക്ക് അഞ്ചുകിലോ ഭാരം കുറഞ്ഞതായും ഡോക്ടര്‍ പറഞ്ഞു. ഇതിനുമുന്‍പും ഇത്തരത്തില്‍ ഭക്ഷണത്തില്‍ എന്തെങ്കിലും കലര്‍ത്തിനല്‍കിയോ എന്ന് സംശയമുണ്ടെന്നും വിശദമായ വൈദ്യപരിശോധന നടത്തുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.