ആലപ്പുഴ∙ സുഭദ്ര കൊലക്കേസിൽ അറസ്റ്റിലായ ദമ്പതികളുടെ സുഹൃത്തിനും കൃത്യത്തിൽ പങ്ക്. മാത്യൂസിന്റെ സുഹൃത്ത് റൈനോൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂസ്, ശർമിള, റൈനോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.
ഓഗസ്റ്റ് 4 മുതലുള്ള വിവിധ ദിവസങ്ങളിലായി ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കുറച്ചു കുറച്ചായി മോഷ്ടിക്കുകയായിരുന്നു. ഓഗസ്റ്റ് 7ന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞതു ശ്രദ്ധയിൽപ്പെട്ട സുഭദ്ര തിരികെ തരണമെന്നും പൊലീസിൽ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് ഏഴിന് പകൽ സുഭദ്രയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെയേറ്റ മർദനത്തിലാണു വാരിയെല്ലുകൾ ഒടിഞ്ഞത്. തുടർന്നു മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുകയായിരുന്നു. രാത്രി ഈ കുഴിയിലാണ് സുഭദ്രയെ മറവ് ചെയ്തത്.