തിരുവനന്തപുരം: വൈജ്ഞാനിക മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന അക്കാദമിക പ്രവർത്തനങ്ങളിലൂടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രാജ്യത്തിന് മാതൃകയായി മാറുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമഗ്രമായ സുസ്ഥിര വികസനത്തിന് അടിസ്ഥാനമാകുന്ന സാങ്കേതിക- വൈജ്ഞാനിക പ്രവർത്തനങ്ങളിലൂടെ ഡിജിറ്റൽ സർവകലാശാല രാജ്യത്തിൻ്റെ അഭിമാനവും പ്രതീക്ഷയുമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കാര്യവട്ടം ട്രാൻവൻകൂർ ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്ററിൽ നടന്ന ഡിജിറ്റൽ സർവകലാശാലയുടെ യുടെ രണ്ടാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നിലയിൽ വളരുന്നതിനൊപ്പം സഹജീവികളായ സാമാന്യ ജനങ്ങളുടെ ജീവിത നിലവാരത്തെ ഉയർത്താൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ശരിയായ വിദ്യാഭ്യാസത്തിലൂടെ വിനയം, ജീവിത നൈപുണ്യം, മൂല്യബോധം, ധനം എന്നിവ ആർജ്ജിക്കാനും അതുവഴി മികച്ച സാമൂഹ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കഴിയണമെന്നും ഗവർണർ ഓർമിപ്പിച്ചു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ ബോർഡ് ഓഫ് ഗവേർണൻസ് ചെയർമാൻ പ്രൊഫ. വിജയ് ചന്ദ്രു അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് ചാൻസിലർ പ്രൊഫ. സജി ഗോപിനാഥ് സ്വാഗതം പറഞ്ഞു.
ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി ഇ ഒയുമായിരുന്നു എസ്. ഡി ഷിബുലാൽ വിശിഷ്ടാതിഥിയായിരുന്നു. 2024 അക്കാദമിക വർഷം വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ 261 കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മികച്ച അക്കാദമിക നിലവാരത്തോടെ ബിരുദാനന്തര ബിരുദം, മാനേജ്മെൻറ് ബിരുദം, ഗവേഷണം എന്നിവ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കീർത്തി മുദ്രയും പ്രശംസ പത്രവും ഗവർണർ വിതരണം ചെയ്തു.
യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. മുജീബ് എ ചടങ്ങിന് നന്ദി പറഞ്ഞു. യൂണിവേഴ്സിറ്റി ഡീൻ (അക്കാദമികം) പ്രൊഫ. അഷ്റഫ് എസ് , പരീക്ഷ കൺട്രോളർ പ്രൊഫ. സാബു എം തമ്പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ബിരുദദാനം സ്വീകരിച്ച കുട്ടികളുടെ രക്ഷിതാക്കളും, സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ – അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ മേധാവിമാരും, ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും ഡിജിറ്റൽ സർവകലാശാലയിലെ ‘ വിവിധ അക്കാദമിക സ്കൂളുകളുടെ മേധാവികളും , അധ്യാപക- അനധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.