മലപ്പുറം: എടവണ്ണ ആര്യൻതൊടികയിൽ ഗൾഫ് വ്യവസായിയുടെ വീട് പെട്രോളൊഴിച്ചു കത്തിച്ചു കുടുംബത്തെ കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ പിടിയിൽ.
പാലക്കാട് ചെർപ്പുളശേരി സ്വദേശി മൂലൻ കുന്നത്ത് അബ്ദുൽ റസാഖ്, വീടും വാഹനങ്ങളും കത്തിക്കുന്നതിനു പ്രതികൾക്ക് ക്വട്ടേഷൻ കൊടുത്ത പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി വലിയപറമ്പത്ത് ഷെഫീഖ്, ഒളിവിൽ താമസിക്കാൻ സഹായം ചെയ്തു കൊടുത്ത സുഹൃത്തും റിസോർട്ട് ഉടമയുമായ മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം സ്വദേശി കല്ലൻ ഫഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണ പോലീസും മലപ്പുറം എസ്.പിയുടെ സ്പെഷൽ സ്ക്വാഡും ഇടുക്കി മറയൂർ പോലീസിന്റെ സഹായത്തോടെ മറയൂർ വനമേഖലയിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇവരെ പിടികൂടിയത്.
പ്രതികളെ അന്വേഷിച്ച് മറയൂർ എസ്.ഐയും മലപ്പുറം സ്പെഷൽ സ്ക്വാഡും എത്തിയപ്പോൾ പ്രതികൾ റിസോർട്ടിലെ വളർത്തുനായയെ പോലീസിനുനേരെ അഴിച്ചുവിട്ടു. തുടർന്ന് സാഹസികമായാണ് പ്രതികളെ പോലീസ് കീഴടക്കിയത്. കേസിലെ മറ്റൊരു പ്രതിയായ ആഷിഫ് കൈപ്പഞ്ചേരിയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
2024 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. വ്യവസായിയുടെ രണ്ടു കാറുകൾ കത്തിനശിക്കുകയും വീടിനു കാര്യമായ കേടുപാടുപാടുകൾ സംഭവിക്കുകയുമുണ്ടായി. 40 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കൃത്യത്തിനുശേഷം നമ്പർപ്ലേറ്റ് ഘടിപ്പിക്കാത്ത വെള്ളക്കാറിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ഈ കാർ മങ്കടയിൽവെച്ച് പിക്കപ്പ് വാഹനത്തെ ഇടിച്ച് കേടുപാടുണ്ടായി. അവിടെനിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ അടുത്ത ദിവസം തന്നെ മങ്കടയിലെത്തി പിക്കപ്പ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകി കാർ റിക്കവറി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തിരുന്നു.
ഇക്കാര്യം സ്ഥിരീകരിച്ച പോലീസ് മങ്കടയിൽ നടത്തിയ അന്വേഷണത്തിൽ കാർ ചെർപ്പുളശേരി ഭാഗത്തുനിന്ന് കൃത്യം നടത്താനായി വാടകയ്ക്കെടുത്തതാണെന്ന് കണ്ടെത്തി. വാഹനം ഇടിച്ച പിക്കപ്പിന്റെ ഉടമയ്ക്ക് 30,000 രൂപ ഒരു വിദേശ അക്കൗണ്ടിൽനിന്ന് കൈമാറിയതായും പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.