മനാമ: നൂറ്റി മുപ്പത് കോടി കത്തോലിക്കരുടെയും ആത്മീയ ആത്മീയ തലവനും ലോകത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ കണ്ടുമുട്ടിയതിന് ബഹ്റൈനിലെ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) കെ ജി ബാബുരാജന് ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി സ്വാമി വീരേശ്വരാനന്ദയോടൊപ്പം ശ്രീ. ബാബുരാജനും റോമിൽ നടത്താനുദ്ദേശിക്കുന്ന സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ മർപ്പാപ്പയേ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ച. സർവമത സമ്മേളനത്തിന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പിന്തുണ നൽകുകയും, അതിൻ്റെ വിജയത്തിനായി പ്രതിനിധി സംഘത്തെ ആശീർവദിക്കുകയും ചെയ്തു. 2022 -ൽ മാർപ്പാപ്പയുടെ ചരിത്രപരമായ ബഹ്റൈൻ സന്ദർശനത്തിനും, മതങ്ങൾക്കിടയിലുള്ള സൗഹാർദം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹികുന്ന നിർണായക നേതൃത്വത്തിനും നന്ദി പറയാൻ ബാബുരാജൻ ഈ അവസരം വിനിയോഗിച്ചു.
1924-ൽ, ശ്രീനാരായണ ഗുരു മതപരമായ അതിർവരമ്പുകൾക്കപ്പുറത്തുള്ള ചരിത്രപരമായ ഒരു സമ്മേളനം സംഘടിപ്പിച്ചതിന്റെ നൂറാം വാർഷികാഘോഷം 2024 നവംബറിൽ വത്തിക്കാനിൽ നടത്തുന്നതിന്റെ ഭാഗമായാണ് ശിവഗിരിമഠത്തിന്റെ പ്രതിനിധികളും മാർപാപ്പയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. ബാബുരാജനുമായുള്ള കൂടിക്കാഴ്ചയിൽ കെസിഎ ഭാരവാഹികൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും സർവമത സമ്മേളനത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.