ന്യൂഡൽഹി : കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും.
സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തു നൽകിയിരുന്നു. ആഗസ്റ്റ് ഒമ്പതിനാണ് ആർജി കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി ട്രെയിനിയായ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തിൽ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ജോലിയിൽ സുരക്ഷിതത്വം ആവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിൽ ഡോക്ടർമാരും പ്രതിഷേധ സമരത്തിലാണ്.
അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രംഗത്ത് വന്നു. പ്രതിഷേധിക്കുന്ന സാധാരണക്കാരെ ജയിലിൽ അടയ്ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും പിതാവ് പറഞ്ഞു, നീതിക്ക് വേണ്ടിയാണ് എല്ലാവരും സമരം ചെയ്യുന്നത്. അന്വേഷണം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകണം. തന്റെ മകൾക്ക് നീതി വേണമെന്നും പിതാവ് പറഞ്ഞു.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം സി.ബി.ഐ സംഘം ആർ.ജി കർ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരെ അടക്കം ചോദ്യം ചെയ്തിരുന്നു. കേസിൽ ഒരു പ്രതി മാത്രമാണെന്ന പൊലീസിന്റെ നിഗമനം തെറ്റാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.