ഉദയ്പുര്‍ (രാജസ്ഥാന്): പത്താംക്ലാസുകാരന് സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ ഉദയ്പുരിനടുത്തുള്ള മധുബന്‍ പ്രദേശത്ത് സംഘര്‍ഷം. രാത്രി പത്തുമണിയോടെ അധികൃതര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. കടകമ്പോളങ്ങള്‍ അടയ്ക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുത്തേറ്റ വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമാണെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കുത്തേറ്റ വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങളും തീവെപ്പുമുണ്ടായത്. നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനാണ് അധികൃതര്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. സഹപാഠിയെ കുത്തിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായിട്ടുണ്ട്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒരുതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുരാജ്പോള്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപകര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിന് പിന്നാലെ സ്കൂളിലെത്തി. ഇതോടെയാണ് കുത്തേറ്റ വിദ്യാര്‍ഥി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചത്. ഇതോടെ പ്രദേശത്തെ നിരവധിപേര്‍ ആശുപത്രിക്ക് സമീപം തടിച്ചുകൂടുകയും അക്രമിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെയാണ് പ്രദേശത്ത് പലസ്ഥലത്തും കല്ലേറുണ്ടാകുകയും നിര്‍ത്തിയിട്ട കാറുകള്‍ കത്തിക്കുകയും ചെയ്തത്.