ന്യൂഡൽഹി: 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് നീണ്ട പരിശ്രമം ആവശ്യമാണെന്നും ഭരണ സംവിധാനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെട്ടവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഇന്ത്യൻ സൈന്യത്തെ ശത്രുക്കൾക്ക് ഭയമാണ്. ഉത്പാദന മേഖലയുടെ ഹബ്ബായി രാജ്യം മാറി. 140 കോടി ജനങ്ങൾക്ക് പലതും നേടാൻ കഴിയും. നിശ്ചയദാർഢ്യം കൊണ്ട് രാജ്യം അത് നേടും. രാജ്യ പുരോഗതിക്കായി ഒന്നിച്ച് നിൽക്കണം.’- അദ്ദേഹം പറഞ്ഞു. ഭരണനേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. ആവശ്യക്കാരന്റെ വാതിൽക്കൽ സർക്കാരുണ്ട്. എല്ലാ മേഖലയിലും ആത്മനിർഭർ ഭാരത് നടപ്പിലാക്കി. പത്ത് കോടി സ്ത്രീകൾ സ്വയം പര്യാപ്തരാണ്. അസാദ്ധ്യമെന്ന് കരുതിയതെല്ലാം സാദ്ധ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.