ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരാണ് പോലീസ് പിടിയിലായത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് ആഗസ്റ്റ് 7ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് ഇവർ കുഴിച്ചുമൂടിയത്.
പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കാനായി പോലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വീട്ടിൽ വച്ച് പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
പ്രസവത്തിന് ശേഷം വയറുവേദനയെ തുടർന്ന യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാൻ കഴിയൂ എന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതോടെയാണ് പ്രസവം നടന്ന വിവരം അറിഞ്ഞത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ കൊടുത്തെന്നായിരുന്നു മറുപടി. യുവാവിന്റെ കൈവശം നൽകിയെന്നും പറഞ്ഞു. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് വിവരങ്ങൾ പുറത്ത് വന്നത്. കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയെന്ന് യുവതി സമ്മതിക്കുകയായിരുന്നു.