പാരീസ്: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സ്വീകരണം നൽകി.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിൻ്റെ (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബി.ഒ.സി. പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ സ്വീകരണത്തിൽ പങ്കെടുത്തു.
ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽനിന്നുള്ള കായികോദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.
ഇത് ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി ഷെയ്ഖ് ഖാലിദ് പറഞ്ഞു.
കായിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കെടുക്കുന്ന രാജ്യങ്ങളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണം. ഒളിമ്പിക് ഗെയിംസിൽ എല്ലാ രാജ്യങ്ങളുടെയും വിജയകരമായ പങ്കാളിത്തത്തിന് അദ്ദേഹം ആശംസകൾ അറിയിച്ചു.
ഓട്ടക്കാരനായ വിൻഫ്രെഡ് യാവിയുടെ മികച്ച പ്രകടനത്തിലൂടെ 2024 പാരീസ് ഒളിമ്പിക്സിൽ രാജ്യത്തിൻ്റെ ആദ്യ സ്വർണ്ണ മെഡൽ നേടിയതിൻ്റെ ചരിത്ര നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ബി.ഒ.സി. സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി പ്രസംഗിച്ചു.